2002 ലെ പൊന്നോണക്കാലം..... പാലക്കാട് നഗരഹൃദയത്തിൽ നിന്നും അൽപ്പം മാറി ഒരിടത്ത് യുവാവായ പ്രേംസുന്ദറും സഹോദരന്മാരും ചേർന്ന് ഒരു ഓണം ടൂർ പ്രോഗ്രാം പ്ലാൻ ചെയ്യുകയായിരുന്നു. പണമൊക്കെ പിരിച്ചു. പ്ലാനിംഗൊക്കെ കൊഴുത്തു. അതിനിടയിലെപ്പഴോ ആണ് നിമിത്തം പോലെ ആ വേറിട്ട ആശയം അവർക്കിടയിൽ ഉയർന്നു വന്നത്. എന്ത് കൊണ്ട് ഇത്തവണ ടൂർപ്രോഗ്രാമിന് പകരം മറ്റുള്ളവർക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്തുകൂടാ???. ആ ആശയം അവരെ കൊണ്ടെത്തിച്ചത് തങ്ങൾക്ക് വിദ്യയുടെ ആദ്യപാഠങ്ങൾ ചൊല്ലിത്തന്ന കുന്നന്നൂർ എൽ.പി. സ്കൂളിലായിരുന്നു. അങ്ങനെ അവിടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് ഓണക്കോടി സമ്മാനിക്കാൻ തീരുമാനിച്ചുകൊണ്ടാണ് ആ സഹോദരങ്ങൾ അന്ന് ഓണം ആഘോഷിച്ചത്. അതൊരു തുടക്കമാവുകയായിരുന്നു...
ഈ തുടക്കത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് നിരാശ്രയരായ അഗതികൾക്കും, അനാഥരായ രോഗികൾക്കും, കിടപ്പാടവും ഭക്ഷണവുമില്ലാതെ ദാരിദ്യദു:ഖമനുഭവിക്കുന്ന പാവങ്ങൾക്കും വേണ്ടി 2002 ആഗസ്റ്റ് 21 ന് തിരുവോണനാളിൽ പ്രേംസുന്ദറും സുഹൃത്തുക്കളും ചേർന്ന് രൂപം നൽകിയതാണ് “ചിറകുകൾ” എന്ന സന്നദ്ധസംഘടന. ചെറിയ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ ചിറകുകളുടെ ഉൽഘാടനം നിർവ്വഹിച്ചത് അന്നത്തെ പാലക്കാട് നഗരസഭാധ്യക്ഷയും ഇന്ന് ചിറകുകളുടെ രക്ഷാധികാരിയുമായ പി.എ.രമണീഭായി ടീച്ചറാണ്. ഒരുകൂട്ടം നിർധനരായ കുട്ടികൾക്ക് ഓണക്കോടി നൽകി കൊണ്ടാണ് ചിറകുകളുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. മനസ്സും ശരീരവും തളർന്ന നിരാലംബരായ ഒട്ടനവധി രോഗികൾക്ക് നാളിതുവരെ സമയബന്ധിതമായി മരുന്നും, ചികിത്സയും നൽകി അവരുടെ ജീവിതത്തിൽ എളിയതോതിലെങ്കിലും വെളിച്ചം പകരുവാൻ ചിറകുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ന് ഒൻപത് വർഷങ്ങൾക്കിപ്പുറം നിന്നു നോക്കുമ്പോൾ പ്രേംസുന്ദർ തന്റെ ജീവിതപങ്കാളിയോടും രണ്ട് മക്കളോടും ഒപ്പം താമസം ചിറകുകളുടെ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു. മുഴുവൻ സമയവും ചിറകുകളുടെ അഥിതികളോടൊപ്പം ചിലവഴിച്ച് സ്വന്തം മാതാപിതാക്കളെപ്പോലെ അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നു. ഒപ്പം മറ്റനേകം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടും, ശരീരം മുഴുവൻ വൃണങ്ങളാൽ പരസഹായം പോലും അന്യമായ ഹതഭാഗ്യരായവരും, ആശുപത്രി ചിലവുകൾക്കും നിത്യച്ചിലവുകൾക്കും കഷ്ടപ്പെടുന്നവരുടെ സാന്ത്വനവുമായിട്ടാണ് ചിറകുകൾ പ്രവർത്തിച്ച് പോന്നത്. ഇതിനു കൂടുതൽ ഊർജ്ജമായത് പാലക്കാട് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും 5 വർഷക്കാലം ചിറകുകളുടെ പ്രസിഡന്റുമായിരുന്ന ഡോ: ഗിരിജാരാംകുമാറായിരുന്നു. ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ ദീർഘനാൾ ചികിത്സ തേടിയെത്തുന്ന നിരവധി രോഗികൾക്ക് ഡോക്ടറുടെ സഹായത്താൽ ചിറകുകളുടെ സേവനം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
ശരീരം മുഴുവൻ വ്രണങ്ങളുമായി ഉറ്റവരും, ബന്ധുക്കളും ഉപേക്ഷിച്ച് വേദനയനുഭവിച്ച് കഴിയുന്ന രോഗികളെ രോഗികളെ ആശുപത്രിയിൽ എത്തിക്കുകയും, അത്യാവശ്യമായ ശുശ്രൂഷകൾ നൽകി സുഖപ്പെടുത്തുകയും ചെയ്യുന്നു. തീർത്തും ദരിദ്രരായ രോഗികൾക്ക് ചികിത്സാസഹായങ്ങൾക്ക് പുറമേ അവരുടെ കുടുംബചിലവുകൾക്കുള്ള സഹായങ്ങളും ചിറകുകൾ ചെയ്ത്‌വരുന്നു. ഇതുകൂടാതെ വിശപ്പും രോഗവും പേറി തെരുവോരങ്ങളിൽ കഴിയുവാൻ വിധിക്കപ്പെട്ട അനാഥരായവരെ ചിറകുകളുടെ അഥിതികളായിക്കണ്ട് രോഗശുശ്രൂഷകൾ നൽകി വിവിധകേന്ദ്രങ്ങളിൽ അവർക്ക് അഭയം നൽകിക്കൊണ്ടിരിക്കുന്നു.അതുപോലെ ആവശ്യാനുസരണം രക്തദാനസേന രൂപീകരിച്ച് അത്യാസന്ന നിലയിലുള്ള രോഗികൾക്ക് രക്തദാനം നൽകൽ, മാസംതോറും വ്യത്യസ്തമായ മെഡിക്കൽ ക്യാമ്പുകൾ, യുവസമൂഹത്തിൽ യുവാക്കളെ ജീവകാരുണ്യപ്രവർത്തനത്തിൽ പങ്കാളിയാക്കുന്നതിനുവേണ്ടി ബോധവൽക്കരണക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങളൊക്കെ നടത്തിവന്നിരുന്നു. ഇതിനിടയിലാണ് ജീവിതത്തിൽ ആശയും നിരാശയും വേർതിരിച്ചറിയാൻ പോലും ശേഷിയില്ലാത്ത അവസ്ഥയിൽ തെരുവോരങ്ങളിൽ കഴിയുവാൻ വിധിക്കപ്പെട്ട സഹജീവികളുടെ സാന്ത്വനചിറകായി മാറാൻ തുടങ്ങിയത്. ആദ്യ കാലങ്ങളിൽ ശാരീരിക-മാനസിക വൃണങ്ങളാൽ തളർന്ന ഇവരെ അത്യാവശ്യ ശുശ്രൂഷ നൽകിയതിനുശേഷം വിവിധ അനാഥകേന്ദ്രങ്ങളിലേക്ക് എത്തിച്ച് അഭയം നൽകുകയായിരുന്നു.
ആദ്യത്തെ അഞ്ചുവർഷക്കാലം ഈ സേവനങ്ങളത്രയും നടത്തിപോന്നത് ചിറകുകളിൽ അംഗങ്ങളായിട്ടുള്ള നാമമാത്രമായ സാധാരണക്കാരുടെ കൈയ്യിൽ നിന്നും ലഭിക്കുന്ന തുക കൊണ്ട് മാത്രമായിരുന്നു. പിന്നീട് തെരുവുകളിൽ നിന്നും ലഭിക്കുന്ന ആളുകളുടെ എണ്ണം കൂടിയതിനനുസരിച്ച് അവർക്ക് ആവശ്യമായ അഭയം നൽകാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ചിറകുകൾക്ക് സ്വന്തമായി ഒരു ആശ്രയകേന്ദ്രം തുടങ്ങുന്നതിനെക്കുറിച്ച്ചിന്തിക്കുന്നതും, തുടർന്ന് കരിങ്കരപ്പുള്ളിയിൽ പ്രവർത്തിച്ചുവരുന്ന പാലക്കാട് അത്ഷിമേഴ്സ് ചാരിറ്റബിൾ (പി.എ.സി.ടി) സെക്രട്ടറി പി. മധുസൂദനനുമായി ചിറകുകളുടെ ആശയം പങ്കുവയ്ക്കുകയും തുടർന്ന് ചർച്ചകളുടെ ഫലമായി പി.എ.സി.ടി. യുടെ പേരിലുള്ള കാരുണ്യകെട്ടിടത്തിൽ ചില വ്യവസ്ഥകളോടുകൂടി ചിറകുകളുടെ സ്വപ്നമായ ആശ്രയകേന്ദ്രം 2007 ആഗസ്റ്റ് 25 നു ഉൽഘാടനം നിർവ്വഹിക്കുകയും ചെയ്തു.
ഉറ്റവരും ഉടയവരും കിടപ്പാടവും ഇല്ലാത്ത വാർദ്ധക്യാവശതയാൽ ഒറ്റപ്പെട്ടുപോയ വൃദ്ധസഹജനങ്ങൾക്കായിട്ടാണ് ആശ്രയകേന്ദ്രത്തിന്റെ വാതിൽ തുറന്നിട്ടത്. ചിറകുകളുടെ സേവനമേഖല വിപുലമായതനുസരിച്ച് സന്മനസ്സുള്ള പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമായി. ആശ്രയകേന്ദ്രത്തിലേക്ക് ആവശ്യമായ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങി മരുന്നുകൾക്കും, അന്നദാനത്തിനുമായി സംഭാവനകൾ നൽകുന്ന സൽകർമ്മത്തിൽ പലരും പങ്കുചേർന്നതോടെ ചിറകുകൾക്ക് പതുക്കെ പതുക്കെ ജീവൻ ലഭിച്ചു. നാളിതുവരെ ഇരുപത്താറോളം പേർക്ക് ആശ്രയകേന്ദ്രത്തിൽ അഭയം നൽകാൻ കഴിഞ്ഞു. മൂന്ന് പേർ രോഗം മൂർച്ഛിച്ച് മരണപ്പെടുകയും ചിലരൊക്കെ ദീർഘകാലവാസത്തിനുശേഷം സ്ഥാപനം വിട്ട് പോവുകയും ചെയ്തു. ഇതിനു പുറമേ പി.എ.സി.ടി യുടെ സഹായത്താൽ എല്ലാ ഒന്നിടവിട്ട ഞായറാഴ്ചകളിലും 60 വയസ്സ് കഴിഞ്ഞ വയോധികർക്കായി സൌജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പി.എ.സി.ടി. പ്രസിഡന്റും പ്രശസ്ത മനോരോഗവിദഗ്ദനുമായ ഡോ. ശിവതാണുപിള്ള, ഡോ. ദാക്ഷായിനി, ഡോ. കെ.വിജയൻ തുടങ്ങി സന്മനസ്സുള്ള ഡോക്റ്റർമാർ പലരും ക്യാമ്പുകളിൽ വന്ന് സേവനം നൽകുന്നുണ്ട്. ഏകദേശം അൻപതോളം പാവപ്പെട്ട രോഗികൾക്ക് ഡോക്ടറുടെ പരിശോധനയും, മരുന്നുവിതരണവും സൌജന്യമായി മുടങ്ങാതെ നൽകിവരുന്നു. ചില ഡോക്ടർമാരിൽ നിന്നും സാമ്പിൾ മരുന്നുകൾ ശേഖരിച്ചും, അഭ്യുദയകാംക്ഷികൾ നൽകുന്ന സംഭാവനയും കൊണ്ടാണ് ക്യാമ്പുകൾ നടത്തിവരുന്നത്. ഇപ്പോൾ ആശ്രയകേന്ദ്രത്തിൽ കൂടുതൽ അന്തേവാസികൾക്ക് അഭയം നൽകുന്നതിനാവശ്യമായ കെട്ടിടനിർമ്മാണത്തിന്റെ പണി ആരംഭിച്ചിരിക്കുന്നു. പാലക്കാട് അൽഷിമേഴ്സ് ചാരിറ്റബിൾ ട്രസ്റ്റാണ് പ്രസ്തുത കെട്ടിടം നിർമ്മിക്കുന്നത്. ഈ സേവനങ്ങൾക്കൊക്കെ നേതൃത്വം നൽകുന്നത് രക്ഷാധികാരി രമണിഭായി ടീച്ചർ. ഈ വർഷത്തെ പ്രസിഡന്റ് പി. പരമേശ്വരൻ, സെക്രട്ടറി പി. മധുസൂധനൻ, ട്രഷറർ പി.പി. ശ്രീകുമാർ കൂടാതെ മറ്റു ചില കമ്മിറ്റി അംഗങ്ങളുമാണ്. ആവശ്യത്തിന് ഭക്ഷണവും താമസസ്സുകര്യങ്ങളും, സ്നേഹബന്ധങ്ങളുമുള്ള നമുക്ക് ഇതൊന്നും ലഭിക്കാത്ത ആലംബഹീനർക്ക് ഒരു കൈ സഹായമേകുവാൻ ചിറകുകളോടൊപ്പം താങ്കളും ഉണ്ടാവുമല്ലോ.... ചിറകുകൾക്ക് സ്വന്തമായി ഒരു കെട്ടിടം പണിത് നിരാശ്രയരായ നൂറ് അഗതികൾക്കെങ്കിലും സംരക്ഷണം നൽകുക, രോഗങ്ങളാൽ അവശതയും വേദനയും അനുഭവിക്കുന്നവർക്കായി ഒരു സൌജന്യ ചികിത്സാകേന്ദ്രം തുടങ്ങുക എന്നിവ ചിറകുകളുടെ ഭാവി പദ്ധതികളിൽപ്പെടുന്നു.
പിറന്നാൾ, വിവാഹവാർഷികം, ഉത്സവവേളകൾ, മറ്റ് ആഘോഷവേളകൾ, ശ്രാദ്ധം തുടങ്ങിയ ദിനങ്ങളിലൊക്കെ ചിറകുകളുടെ അഥിതികളെ ഓർക്കുകയും, ഇവരോടൊപ്പം സന്തോഷം പങ്കിടാനും അതുവഴി ഇവരുടെ മനസ്സിന് ആശ്വാസം പകരുവാനും താങ്കളും സുഹൃത്തുക്കളും എത്തുമല്ലോ....
ചിറകുകൾ ആശ്രയകേന്ദ്രം
റജിസ്റ്റർ നമ്പർ : CA-521/2002 Afltd to NYKP/MA2/157/03
കാരുണ്യ ട്രസ്റ്റ് ബിൽഡിംഗ്
ഗവണ്മെന്റ് പോളി ടെക്നിക്കിനു സമീപം
കരിങ്കരപ്പുള്ളി പി.ഓ
പാലക്കാട്, 678559
ഫോൺ : 97454 22811 (ഓഫീസ്), 94474 22811
ബാങ്ക് അക്കൌണ്ട് നമ്പർ : 67001599979
State Bank of Travencore Chandranagar branch (70673), Palakkad,
IFSC Code : SBTR0000673
ഈ കൂട്ടായ്മയെപ്പറ്റി ദയവായി താങ്കളുടെ സുഹൃത്തുക്കളേയും അറിയിക്കൂ… ചിറകുകളുമായി ബന്ധപ്പെട്ട ഏതു സഹായത്തിനും താങ്കൾക്ക് മുകളിൽ നൽകിയ നമ്പറിനു പുറേമേ എന്നെയോ മുള്ളൂക്കാരനെയോ ഏതു സമയത്തും ബന്ധപ്പെടാവുന്നതാണ്. (ഹബീബ് : 9847104054, ഷാജി മുള്ളൂക്കാരൻ : 9946666267)


